Menu

A stardust wanderer between unseen realms.

എന്റെ ഓർമ്മയിലെ ആദ്യത്തെ മോഷണം

എന്റെ ഓർമ്മയിലെ ആദ്യത്തെ മോഷണം

എന്റെ ഓർമ്മയിലെ ആദ്യത്തെ മോഷണം ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്...

നോട്ടുപുസ്തകം ബൈൻഡ് ചെയ്യുന്നയാൾ ബാക്കി വന്ന പേപ്പർ കഷ്ണങ്ങൾ കൂട്ടിച്ചേർത്ത് ഒരു കുഞ്ഞു പുസ്തകം ഉണ്ടാക്കി തന്റെ മകൾക്ക് സമ്മാനിച്ചു. എന്റെ സഹപാഠിയായിരുന്ന അവൾ പിറ്റേന്ന് തന്നെ അതു കൊണ്ടുവന്ന് ഞങ്ങളെയെല്ലാം കാണിച്ചു. തന്റെ അച്ഛന്റെ കരവിരുതിനെ ഞങ്ങളെ കാണിക്കാൻ കഴിഞ്ഞതിൽ അവൾക്ക് വളരെയധികം അഭിമാനമുണ്ടായിരുന്നു. കുറ്റിപെൻസിലും നിറം മങ്ങിയ പുസ്തകങ്ങളും മാത്രം കൈവശമുള്ള എനിക്ക് അതൊരു അത്ഭുതവസ്തു ആയിരുന്നു.

കുഞ്ഞു മനസ്സിൽ കയറിയ കാപട്യം ആദ്യമായി എന്നെ കള്ളനാക്കി. ഇന്റർവെൽ സമയത്ത് ഒഴിഞ്ഞ ക്ലാസിന്റെ മറവിൽ എന്നിലെ കള്ളൻ അവതരിച്ചു. മോഷണമുതൽ വീട്ടിൽ എത്തിച്ച ഞാൻ കള്ളി പൊളിയാതിരിക്കാൻ നല്ലൊരു നുണയനുമായി. പറഞ്ഞ ആദ്യത്തെ നുണ അതല്ലെങ്കിലും എന്നിലെ പോരാളിയുടെ ഉദയം അതായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. പിന്നീടിങ്ങോട്ട് ഇത്തരത്തിലുള്ള പലതരം കലാവാസനകൾ അഭ്യസിക്കാനും അവതരിപ്പിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം, തിരിഞ്ഞുനോക്കുമ്പോൾ എന്റെ സഹപാഠിയുടെ മുഖത്തെ ആ പുഞ്ചിരി ഞാനിന്നും ഓർക്കുന്നു. തന്റെ അച്ഛൻ തനിക്ക് നൽകിയ സമ്മാനം മോഷണം പോയത് അവൾ ആരോടും പറഞ്ഞില്ല. എന്നാൽ അന്ന് അവളെന്നെ നോക്കി പല തവണ പുഞ്ചിരിച്ചിരുന്നു. ഒരുപക്ഷെ സത്യം അവൾ മനസ്സിലാക്കിയിട്ടാവാം.. അല്ലായിരിക്കാം... എങ്കിലും അവളിൽ നിന്നൊക്കെ പലപ്പോഴായി മോഷ്ടിച്ചെടുത്ത നന്മയുടെ പ്രതിഫലനങ്ങളെ ഇന്നും എന്നിലുള്ളൂ..

Leave a little of your story.

Comments appear after review.